മലപ്പുറം: റംസാൻ 27-ാം രാവിൽ മഅ്ദിൻ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുത്തത് വിശ്വാസി ലക്ഷങ്ങൾ. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കെതിരേ ഒത്തുചേർന്ന സമാധാന സംഗമത്തിൽ ലഹരിക്കെതിരേ വിശ്വാസി സമൂഹമൊന്നിച്ച് കൂട്ട പ്രതിജ്ഞയുമെടുത്തു. ഇന്നലെ രാവിലെ മുതൽ തന്നെ മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ വിവിധ ആത്മീയ സദസുകൾ നടന്നു. ഉച്ചയ്ക്ക് ഒന്നു മുതൽ നടന്ന അസ്മാഉൽ ബദ്രിയ്യീൻ മജ്ലിസോടെ പരിപാടികൾക്ക് തുടക്കമായി. ഗ്രാൻഡ് മസ്ജിദിലും ഗ്രൗണ്ടിലുമായി മെഗാ ഇഫ്താർ നടന്നു.
സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർഥനക്കും നേതൃത്വം നൽകി.
അടിയന്തരാവശ്യങ്ങൾക്ക് സൂപ്പർ സ്പെഷാലിറ്റി ഇന്റൻസീവ് കെയർ യൂണിറ്റ്, മൊബൈൽ ടെലി മെഡിസിൻ യൂണിറ്റ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ എന്നിവ ഒരുക്കിയിരുന്നു. പ്രാർഥനാ സമ്മേളനത്തിനെത്തിയ വിശ്വാസികൾക്ക് മഅ്ദിൻ മിംഹാറിന് കീഴിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി. സ്വലാത്ത്, തഹ്ലീൽ, ഖുറാൻ പാരായണം, തൗബ, പ്രാർഥന എന്നിവ പരിപാടിയിൽ നടന്നു. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൾ ഖാദിർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കൂറ്റന്‍പാറ അബ്ദുറഹ്മാൻ ദാരിമി, പ്രഫ. എ.കെ. അബ്ദുൾ ഹമീദ്, ചാലിയം എ.പി. അബ്ദുൾ കരീം ഹാജി എന്നിവർ പ്രസംഗിച്ചു.